തിളക്കവും സ്‌നിഗ്ദ്ധതയും കട്ടിയുമുള്ള മുടി ഏതു സ്ത്രീയുടേയും സ്വപ്നമാണ്. ആരോഗ്യമുള്ള വ്യക്തിക്കു മാത്രമേ അഴകാര്‍ന്ന മുടിയുണ്ടാകൂ. എല്ലാവരുടെ മുടിയും ഒരുപോലെയാവില്ല. വ്യക്തിപരമായ ഈ വ്യത്യാസങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലുണ്ട്. സാധാരണ മുടി, എണ്ണമയം കൂടുതലുള്ള മുടി, വരണ്ട മുടി എന്നിങ്ങനെ.
സാധാരണ മുടി: ആവശ്യത്തിന് എണ്ണമയവും മൃദുത്വവും തിളക്കവും കട്ടിയുമൊക്കെയുള്ള മുടിയില്‍ ഏതു ഹെയര്‍ സ്റ്റൈലും പ്രയാസംകൂടാതെ ചെയ്യാന്‍ സാധിക്കും. കേശപരിചരണമെന്ന പേരില്‍ ഒരുപാട് ബുദ്ധിമുട്ടേണ്ട ആവശ്യമൊന്നും ഇത്തരം മുടിക്കില്ല. സാധാരണതരം മുടിയുള്ളവര്‍ ആഴ്ചയില്‍ രണ്ടുതവണ എണ്ണയും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകിയാല്‍ മതിയാകും.
എണ്ണമയം കൂടുതലുണ്ടെങ്കില്‍: തലമുടിയോടു ചേര്‍ന്നുകിടക്കുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതല്‍ എണ്ണമയം (സീബം) ഉല്പാദിപ്പിക്കുന്നതിനാല്‍ ചിലരുടെ തലയോട്ടിയിലും മുടിയിലും എണ്ണമയം കൂടുതലുണ്ടാകും. ഇക്കൂട്ടര്‍ക്ക് താരന്റെ ശല്യവും കൂടുതലായിരിക്കും. ഇങ്ങനെയുള്ളവര്‍ കൂടുതല്‍ തവണ ഷാംപൂ ചെയ്യേണ്ടി വരും. ഇവര്‍ മുടിയില്‍ അധികം എണ്ണ പുരട്ടരുത്.
വരണ്ട മുടി: ജലാംശവും എണ്ണമയവും കുറയുന്നതുമൂലം മുടി വരണ്ടുപോകുന്ന അവസ്ഥ വരാം. വരണ്ട മുടി വളരെ പരുപരുത്തതും പെട്ടെന്നു പൊട്ടിപ്പോകുന്നതുമാണ്. വരണ്ട മുടിയുള്ളവര്‍ കൂടുതല്‍ തവണ എണ്ണ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഒരു 'മോയ്‌സച്ചറൈസിങ് ഇഫക്ട്' കിട്ടും.
കണ്ടീഷനര്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.
ഇടയ്ക്കിടെ മുടി ചീകുന്നത് നല്ലതാണ്. സെബേഷ്യസ് ഗ്രന്ഥികള്‍ക്ക് ഉത്തേജനം കിട്ടാനും കൂടുതല്‍ എണ്ണമയം ഉണ്ടാകാനും ഇത് സഹായിക്കും.
തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് നന്ന്.
ചുടുവെള്ളത്തില്‍ മുക്കിയ ടവ്വല്‍ കൊണ്ട് തലമുടി പൊതിഞ്ഞുവെക്കുന്നതും നന്നായിരിക്കും.