കാവല്‍ക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്ന കോശസമൂഹങ്ങളുണ്ട് ശരീരത്തില്‍. രോഗാണുക്കളുടെ ആക്രമണത്തില്‍നിന്നും അവ ശരീരത്തെ രക്ഷിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടുന്നു. ലിംഫോയ്ഡ് ടിഷ്യു എന്നാണിവ അറിയപ്പെടുന്നത്. ശരീരത്തിന്റെ പലഭാഗത്തും ഇത്തരം കാവല്‍ക്കാരുണ്ട്. ഇതില്‍ ചിലത് ഗ്രന്ഥികളായി രൂപം പ്രാപിച്ചിരിക്കുന്നു. അതുപോലുള്ള രണ്ട് ഗ്രന്ഥികള്‍ തൊണ്ടയിലുണ്ട്. ഇടത്തും വലത്തുമായി ഓരോന്ന്. അതാണ് ടോണ്‍സില്‍. തൊണ്ടയിലെ കാവല്‍ക്കാര്‍. ശ്വാസനാളത്തില്‍ മൂക്കിനു പിറകിലായി അഡിനോയ്ഡ് ഗ്രന്ഥിയുമുണ്ട്.
അന്നനാളത്തിലൂടെയും ശ്വാസനാളത്തിലൂടേയുമെല്ലാം അണുക്കള്‍ എത്തിച്ചേരാം. ശ്വസിക്കുന്ന വായുവിലൂടെ ആകാം. അല്ലെങ്കില്‍ ഭക്ഷണത്തിലൂടെ. ഇങ്ങനെ കടന്നുവരുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. അരിപ്പപോലെയാണ് ടോണ്‍സില്‍ പ്രവര്‍ത്തിക്കുക. അണുക്കളെ അവിടെ തടയുന്നു. പ്രതിരോധ കോശങ്ങളായ വെളുത്ത രക്താണുക്കള്‍ അണുക്കളെ വിഴുങ്ങുന്നു. ഒടുവില്‍ കീഴടക്കുന്നു.
ചിലപ്പോള്‍ ഈ പ്രതിരോധ പരിപാടി പാളും. അണുക്കള്‍ കൂട്ടത്തോടെ എത്താം. അപ്പോള്‍ ആക്രമണത്തിന് ശക്തി കൂടും. കാവല്‍ക്കാരുടെ ശക്തി കുറയുന്നതും പ്രശ്‌നമാവാം. അണുക്കളെ കീഴടക്കേണ്ട കാവല്‍ക്കാര്‍ അപ്പോള്‍ അണുക്കള്‍ക്ക് കീഴടങ്ങുന്നു. ഇത്തരത്തില്‍ ടോണ്‍സില്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്.
നാവിന്റെ ഉത്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശത്തുമായാണ് ഈ ഗ്രന്ഥികള്‍. ചെറിയ ഗ്രന്ഥികളാണിത്. ഏതാണ്ട് മുട്ടയുടെ ആകൃതി. സാധാരണ നിലയില്‍ വായ തുറന്ന് കണ്ണാടിയില്‍ നോക്കിയാല്‍ ടോണ്‍സില്‍ ശ്രദ്ധയില്‍പ്പെടണമെന്നില്ല. തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍, അണുബാധ ഉണ്ടായാല്‍ ടോണ്‍സിലിനെ എളുപ്പം തിരിച്ചറിയാം. ഗ്രന്ഥി തടിക്കും, വലുതാവും, ചുവന്നിരിക്കും.
കുട്ടികളിലാണ് ടോണ്‍സില്‍ ഗ്രന്ഥികളുടെ പ്രാധാന്യം കൂടുതല്‍. കുട്ടികളില്‍ ഗ്രന്ഥികള്‍ വലുതായിരിക്കും. പ്രായം കൂടുമ്പോള്‍ ഇവയുടെ വലിപ്പം കുറഞ്ഞുവരും. അതുകൊണ്ടുതന്നെ ടോണ്‍സിലൈറ്റിസ് കുട്ടികളിലാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്‍, മുതിര്‍ന്നവരിലും അണുബാധ ഉണ്ടാകാം. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധ ഉണ്ടാക്കാം.