IST:




ഹോം രോഗങ്ങള്‍ കേള്‍വിക്കുറവ്‌
കേള്‍വിക്കുറവ്‌


View Slideshow
നന്നെ ചെറുപ്പത്തിലേ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തികൊണ്ട് ജീവിത വിജയം നേടിയ ഹെലന്‍ കെല്ലര്‍ പറയുന്നത്. അന്ധതയെക്കാള്‍ എത്രയോ ദുരിത പൂര്‍ണമായ ബധിരത എന്നാണ്.അന്ധര്‍ക്ക് ദൃശ്യലോകം മാത്രം നഷ്ടമാകുമ്പോള്‍ ജന്മനാ ബധിരരായവര്‍ക്ക് ശബ്ദലോകവും സംസാരം വഴിയുമുള്ള ആശയവിനിമയ ലോകവും നഷ്ടമാകുന്നു.

കേള്‍വി മാത്രമല്ല ചെവിയുടെ ധര്‍മ്മം, ശരീരത്തിന്റെ ബാലന്‍സ് കാത്തു സൂക്ഷിക്കുന്നതും ചെവിയാണ്. ചെവിയുടെ ഘടനയും ധര്‍മങ്ങളും അതിശയകരമാണ്. ഓട്ടോ സ്‌ക്ലീറോസിസ് എന്ന, ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന അസുഖത്തെ പറ്റി മനസിലാക്കാന്‍ കേള്‍വിയുടെ രഹസ്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

ഓട്ടോസ്‌ക്ലീറോസിസ്

പരമ്പരാഗതമായി കണ്ടുവരുന്ന ഒരുതരം കേള്‍വിക്കുറവാണിത്. മധ്യകര്‍ണത്തിലെ സൂക്ഷ്മാസ്ഥികളില്‍ ഒന്നായ സ്റ്റേപിസിനു ചുറ്റും മാര്‍ദ്ദവമായ അസ്ഥിവളരുന്നതിനാല്‍ ഈ അസ്ഥിയുടെ ചലനശേഷി ഇല്ലാതാകുന്നു. അതോടൊപ്പം തന്നെ കമ്പനങ്ങള്‍ അന്തര കര്‍ണത്തിലെത്താതെ വരികയും കേള്‍വിശക്തി കുറയുകയും ചെയ്യുന്നു. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

വിശ്രുത ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ബീഥോവന് 30വയസ്സുള്ളപ്പോഴാണ് കേള്‍വി കുറഞ്ഞു തുടങ്ങിയത്. കേള്‍വിശക്തി നശിച്ചു തുടങ്ങിയതില്‍ പിന്നെയാണ് ബീഥോവന്‍ തന്റെ വിഖ്യാത സിംഫണികളില്‍ ഭൂരിപക്ഷവും സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്നു വാഴ്ത്തപ്പെട്ട ഒമ്പതാം സിംഫണി രചിച്ചപ്പോഴാകട്ടെ ബീഥോവന്‍ പൂര്‍ണമായും നിശ്ശബ്ദതയുടെ ലോകത്തെത്തിയിരുന്നു. ബീഥോവന് ഒട്ടോസ്‌ക്ലീറോസിസ് എന്നയിനം ബധിരതയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഓട്ടോസ്‌ക്ലീറോസിസ് പ്രധാനമായും ആന്തരിക കര്‍ണത്തിന്റെ അസുഖമാണ്. സ്റ്റേപീസിന്റെ വളര്‍ച്ചാപരമായ വ്യതിയാനങ്ങളാണ് മധ്യകര്‍ണത്തിലെ ആ അസ്ഥിയെ മാത്രം അസുഖം ബാധിക്കാനുള്ള കാരണമായി കണ്ടിട്ടുള്ളത്. അസുഖത്തിന്റെ ശരിയായ കാരണങ്ങള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ചില അവസ്ഥകളുമായി ബന്ധങ്ങള്‍ കാണുന്നുണ്ട്.

അമ്പതുശതമാനം രോഗികളിലും പാരമ്പര്യവുമായി ബന്ധം കാണപ്പെടുന്നുണ്ട്. വര്‍ഗപരമായി നോക്കിയാല്‍ കറുത്തവര്‍ഗക്കാരിലും ഇന്ത്യക്കാരിലും ഇതുകൂടുതലായി കാണപ്പെടുന്നുണ്ട്.

കേള്‍വിക്കുറവ് തുടങ്ങുന്നത് ഏതാണ്ട് ഇരുപതോ മുപ്പതോ വയസ്സാകുമ്പോഴാണ്. പത്തുവയസ്സിന് മുമ്പും 40വയസ്സിനുശേഷവും ഇതു സാധാരണമല്ല.

ഗര്‍ഭധാരണം കേള്‍വിക്കുറവ് വര്‍ധിപ്പിക്കുന്നതിനാല്‍ സാധാരണ ആവശ്യമുള്ളത്ര കുട്ടികള്‍ ജനിച്ചശേഷമേ ശസ്ത്രക്രിയ ചെയ്യാറുള്ളൂ.

ഓസ്റ്റിയോ ജെനസിസ് ഇംപെര്‍ഫെക്ട് എന്ന അസുഖമുള്ളവര്‍ക്കും ഈ അസുഖം കൂടെ ഉണ്ടാകാറുണ്ട്.
അഞ്ചാംപനി ബാധിച്ചവര്‍ക്ക് പിന്നീട് ഈ അസുഖം ഉണ്ടാവാനുള്ള സാധ്യതയും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചെവിയുടെ ഘടന

ചെവിയെ മൂന്നു ഭാഗമായി തിരിക്കാം. ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരകര്‍ണം എന്നിങ്ങനെ. പുറമെ കാണുന്ന ചെവിക്കുടയും അകത്തെ കര്‍ണപുടം വരെയുള്ള ദ്വാരവും അടങ്ങുന്നതാണ് ബാഹ്യകര്‍ണം. ചെവി മുറിച്ചു മാറ്റിയാലും കേള്‍ക്കാം. സൗന്ദര്യപരമായ ധര്‍മ്മമാണ് മനുഷ്യന്റെ പുറം ചെവിക്കുള്ളതെന്ന് ചുരുക്കം.

മധ്യകര്‍ണം തുടങ്ങുന്നത് കര്‍ണപുടം മുതലാണ് അതിനോട് ഘടിപ്പിച്ച മട്ടിലുള്ള മൂന്ന് ചെറു അസ്ഥികളാണ് മധ്യകര്‍ണത്തിലുള്ളത്. മാലിയസ്, ഇന്‍കസ്, സ്റ്റേപീസ് എന്നിവ. ഇതില്‍ സ്റ്റേപീസ് ആണ് ശരീരത്തിലെ ഏറ്റവും ചെറിയ എല്ല്. മാലിയസ് കര്‍ണപുടത്തില്‍ ചേര്‍ന്നിരിക്കും. മാലിയസിനോട് കൊരുത്ത മട്ടില്‍ ഇന്‍കസ്, അതിനോട് തൊട്ട് സ്റ്റേപീസ്.

ശബ്ദം കര്‍ണപുടത്തില്‍ തട്ടുമ്പോള്‍ വലിഞ്ഞു മുറുകിയിരിക്കുന്ന ആ പാട കമ്പനം ചെയ്യും. അതിനോട് തൊട്ടിരിക്കുന്ന മാലിയസും അതിനനുസരിച്ച് വിറയ്ക്കും. ഒരു ലിവര്‍പോലെ അത് അടുത്ത അസ്ഥിയേയും ചലിപ്പിക്കും. സ്റ്റേപീസിന്റെ ചലനം ഓവല്‍വിന്‍ഡോ എന്ന മറ്റൊരു സ്തരത്തിലേക്ക് ഈ കമ്പനം പകര്‍ന്നു നല്‍കും. ഈ അസ്ഥിയുടെ ചലനശേഷി കുറയുമ്പോള്‍ കമ്പനം ആന്തര കര്‍ണത്തിലെത്തുന്നത് തടയപ്പെടുന്നു. ഓട്ടോ സ്‌ക്ലീറോസിസില്‍ സംഭവിക്കുന്നത് ഇതാണ്. താരതമ്യേന വലിപ്പമുള്ള കര്‍ണപുടത്തില്‍ നിന്ന് ചെറിയ ഓവല്‍ വിന്‍ഡോയിലെത്തുമ്പോഴേക്കും കമ്പനം ശക്തവും സാന്ദ്രവുമായിട്ടുണ്ടാവും.

കേള്‍വിയെന്ന പ്രക്രിയ നടക്കുന്നത് പ്രധാനമായും ആന്തര കര്‍ണത്തിലാണ്. ഇവിടുത്തെ പ്രധാനഭാഗം കോക്ലിയ ആണ്. കൂടാതെ ബാലന്‍സ് നിയന്ത്രിക്കാനുള്ള പരസ്​പരം ലംബമായിരിക്കുന്ന മൂന്നു അര്‍ധവൃത്തനാളികളും ഇവിടെയുണ്ട്.

ശബ്ദതരംഗങ്ങളെ- കമ്പനങ്ങളെ നാഡീസ്​പനങ്ങളാക്കി തലച്ചോര്‍ എന്ന 'സൂപ്പര്‍ കമ്പ്യൂട്ടറി'ലെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറലാണ് കോക്ലിയയുടെ ജോലി. പുറമെ കണ്ടാല്‍ ഒച്ചിന്റെ തോടുപോലിരിക്കുമിത്. പിയാനോയുടെ കീബോര്‍ഡ് പോലെയാണ് ഇതിന്റെ അകം. പിയാനോവില്‍ 88 കീയാണെങ്കില്‍ കോക്ലിയയില്‍ 20,000 കീകള്‍!

കോക്ലിയയുടെ അകത്തേക്കുള്ള ദ്വാരത്തിലേക്ക് കമ്പനം കടന്നുചെല്ലുമ്പോള്‍ അകത്തു നിറഞ്ഞ ദ്രവത്തില്‍ ചലനങ്ങളുണ്ടാക്കുന്നു. ഈ കമ്പനങ്ങള്‍ നല്‍കുന്ന സംവേദനങ്ങള്‍ കോക്ലിയാര്‍ നാഡിവഴി തലച്ചോറിലെത്തുകയും നമ്മള്‍ ശബ്ദം കേള്‍ക്കുകയും ചെയ്യുന്നു. കേട്ടു ചിരപരിചിതമായ ലക്ഷക്കണക്കിന് ശബ്ദങ്ങളുമായി താരതമ്യം ചെയ്ത് ഞൊടിയിടയില്‍ ഇതേത് ശബ്ദമാണെന്ന് നമ്മള്‍ തിരിച്ചറിയുകയുംചെയ്യുന്നു.

ലക്ഷണങ്ങള്‍

പഴുപ്പോ, ചെവിവേദനയോ,ഇല്ലാതെതന്നെ കൂടിക്കൂടിവരുന്ന കേള്‍വിക്കുറവ്, താരതമ്യേന തിരക്കേറിയ സ്ഥലങ്ങളില്‍ കേള്‍വി മെച്ചപ്പെടുക, ചെവിയില്‍ ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ കേള്‍ക്കുക, തലകറക്കം, എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്.

ഓഡിയോ മെട്രി, ടിംപാനോ മെട്രി എന്നീ ചെറിയ, ചെലവുകുറഞ്ഞ ടെസ്റ്റുകളിലൂടെ രോഗാവസ്ഥ നിര്‍ണയിക്കാം.

തുടക്കത്തില്‍ കേള്‍വിക്കായി ശ്രവണസഹായി ഉപയോഗിക്കാം. പക്ഷേ ഇത് ആന്തര കര്‍ണത്തിന് ക്ഷതം വരുത്താന്‍ സാധ്യതയുണ്ട്.

ഇന്ന് ഈ രോഗത്തിന് വളരെ ലളിതവും കാര്യക്ഷമവുമായ ചികിത്സാ രീതികള്‍ ഉണ്ട്. സ്റ്റപിഡെക്ടമി എന്ന ചെറിയ ഓപ്പറേഷനിലൂടെ കേള്‍വിക്കുറവ് ഒരു പരിധിവരെ പരിഹരിക്കാം. ഈ ഓപ്പറേഷന്റെ ഒരു പ്രത്യേകത. വലിയ മുറിപ്പാടുകളൊന്നും ഇല്ലാതെ തന്നെ ചെവിക്കുള്ളിലൂടെ ഓപ്പറേഷന്‍ നടത്താമെന്നതാണ്. ഓപ്പറേഷന്‍ കഴിഞ്ഞ് കാലതാമസമില്ലാതെ തന്നെ രോഗിക്ക് ആസ്​പത്രി വിടാവുന്നതാണ്. താരതമ്യേന സുരക്ഷിതമായ ഓപ്പറേഷനാണ് ഇത്.

ഓഡിയോ മെട്രി ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് രോഗിയെ ഓപ്പറേഷന് തിരഞ്ഞെടുക്കുന്നത്. രണ്ടുചെവിയിലും ഈ അസുഖം ബാധിക്കുമെന്നതിനാല്‍ ഓപ്പറേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓപ്പറേഷന് തിരഞ്ഞെടുത്തചെവി മറ്റേ ചെവിയേക്കാള്‍ കേള്‍വി കൂടുതലുള്ളതാണെങ്കില്‍ ശ്രദ്ധിക്കണം.
കൂടെ മിനിയേഴ്‌സ് അസുഖം ഉണ്ടെങ്കില്‍ ഓപ്പറേഷന്‍ ചെയ്യുന്നത് കരുതലോടെ വേണം.
ചെറിയ കുട്ടികളില്‍ അണുബാധ കൂടെക്കൂടെ ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ ഓപ്പറേഷനുശേഷവും അസുഖം ഉണ്ടാകാനുള്ള സാധ്യതകള്‍ ഉണ്ട്.

ശബ്ദമയമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓപ്പറേഷന് ശേഷവും കേള്‍വി കുറവ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

അസുഖം കണ്ടുപിടിക്കപ്പെട്ടാല്‍ അത് മൂര്‍ച്ഛിച്ച് ഞെരമ്പിനെ തളര്‍ത്തുന്നതുവരെ കാത്തിരിക്കാതെ കൃത്യസമയത്തുതന്നെ ഓപ്പറേഷന്‍ ചെയ്താല്‍ അസുഖത്തെ ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും.

ഡോ. കെ.പി.സുനില്‍ കുമാര്‍

അസോ. പ്രൊഫസര്‍,
ഇ.എന്‍.ടി.
മെഡിക്കല്‍ കോളേജ്,
കോഴിക്കോട്.

ശബ്ദം കേള്‍വിശക്തിയെ ബാധിക്കുമ്പോള്‍