ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ നല്ലൊരു പങ്കും വേദനയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനെത്തുന്നവരാണ്. നമ്മുടെ രോഗികളില്‍ പത്തുശതമാനത്തിലേറെയാളുകളുടെയും പ്രശ്‌നം മാറാത്ത പേശീവേദനകളും സന്ധിവേദനകളുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ശരീരമാകെ പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം, പരിശോധനാഫലങ്ങളെല്ലാം തികച്ചും നോര്‍മലാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക- ഫൈബ്രോമയാള്‍ജിയ എന്ന പേശീവാത രോഗത്തിന്റെ സാമാന്യ ലക്ഷണങ്ങളാണിതൊക്കെ. ചുരുക്കത്തില്‍ വൈദ്യനെയും രോഗിയെയും ഒരുപോലെ ധര്‍മസങ്കടത്തിലാക്കുന്ന വേദനയുടെ സങ്കീര്‍ണമായ യാതനാ ചരിത്രം.
മാറാത്ത ശരീര വേദനയ്ക്കു കാരണമാകുന്ന ഈ ആരോഗ്യപ്രശ്‌നം സമൂഹത്തിലെ അഞ്ചു ശതമാനത്തോളമാളുകളെ ബാധിക്കുന്നുണ്ട്. മറ്റെല്ലാ സന്ധി-പേശീ വാതരോഗങ്ങളെയും പോലെ സ്ത്രീകളാണ് ഫൈബ്രോ മയാള്‍ജിയായുടെയും പ്രധാന ഇരകള്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രോഗമുണ്ടാകുവാനുള്ള സാധ്യത എട്ടു മടങ്ങുവരെ കൂടുതലാണ്. കുട്ടികളിലും രോഗത്തിന്റെ സാന്നിധ്യമുണ്ടാകാമെങ്കിലും 25നും 65നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.
രോഗ ചരിത്രവും രോഗിയുടെ വിശദമായ ദേഹ പരിശോധനയും മാത്രം മതിയാകും രോഗനിര്‍ണയത്തിന്. എന്നാല്‍, സമാന ലക്ഷണങ്ങളുള്ള സന്ധിവാത രോഗങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്താനായി സങ്കീര്‍ണമായ ലബോറട്ടറി പരിശോധനകള്‍ വേണ്ടിവന്നേക്കും. അമേരിക്കന്‍ കോളേജ് ഓഫ് റുമറ്റോളജി 1990-ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളനുസരിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. അരക്കെട്ടിന് മുകളിലും താഴെയുമായി, ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോ മയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാവുന്നതാണ്. അമേരിക്കന്‍ കോളേജ് ഓഫ് റുമറ്റോളജിയുടെ പുതുക്കിയ നിര്‍ദേശങ്ങളനുസരിച്ച്, ശരീരത്തിന്റെ നേരത്തെ നിര്‍ണയിച്ച 18 സ്ഥാനങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍, 11-ലെങ്കിലും കഠിനമായ വേദനയനുഭവപ്പെടുകയാണെങ്കില്‍ ഫൈബ്രോ മയാള്‍ജിയ എന്ന പേശീവാത രോഗം നിര്‍ണയിക്കാം. (ചിത്രം ശ്രദ്ധിക്കുക)
രോഗാരംഭത്തില്‍ ശരീരത്തിന്റെ ഒരുഭാഗത്തുമാത്രം പ്രത്യക്ഷപ്പെടുന്ന പേശീ വേദന, ക്രമേണ മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചുരുക്കത്തില്‍ ശരീരത്തെ മുഴുവന്‍ ആവരണം ചെയ്യുന്ന ഒരു വേദനാ കവചം അണിഞ്ഞു നടക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയാണ് രോഗിയുടേത്.
തീരാ വേദനയ്ക്കു പുറമെ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാ വൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീ വാത രോഗികളില്‍ കാണാറുണ്ട്. മറ്റു ശാരീരിക പ്രശ്‌നങ്ങളായ ആര്‍ത്തവ തകരാറുകള്‍, ഉദരരോഗങ്ങള്‍, മൈഗ്രേയിന്‍ അഥവാ കൊടിഞ്ഞി തലവേദന, മൂത്രാശയ തകരാറുകള്‍ ഇവ ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു.
രോഗത്തിന്റെ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മറിച്ച് ചില നിഗമനങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. വേദനയെ അനുഭവവേദ്യമാക്കുന്ന തലച്ചോറിന്റെയും കേന്ദ്രനാഡീ വ്യവസ്ഥയുടെയും പാതകളിലെ പ്രവര്‍ത്തന വൈകല്യങ്ങള്‍ രോഗകാരണമായി നിര്‍ദേശിക്കപ്പെടുന്നുണ്ട്. വേദനാവാഹികളായ സബ്സ്റ്റന്‍സ്-പി. എന്ന ഘടകത്തിന്റെയും ഉപഘടകങ്ങളായ ഇന്റര്‍ല്യൂക്കിന്‍-8, 6 എന്നിവയുടെയും രക്തത്തിലെ അളവ് ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കൂടുതലാണ്. സുഖനിദ്രയ്ക്ക് സഹായിക്കുന്ന സിറോട്ടോണിന്‍, കോര്‍ട്ടിസോള്‍, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയവയുടെ അളവ് കുറഞ്ഞിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി പേശികള്‍ക്കുണ്ടാകുന്ന സൂക്ഷ്മമായ പരിക്കുകള്‍, നിദ്രാവൈകല്യങ്ങള്‍, സ്വയം നിയന്ത്രിത നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തന തകരാറുകള്‍ തുടങ്ങിയവയും രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദവും രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ലഘുമനോരോഗങ്ങളായ അമിത ആകാംക്ഷ, വിഷാദം തുടങ്ങിയവയുള്ളവരില്‍ രോഗസാധ്യതയേറെയാണ്. മാനസിക പിരിമുറുക്കമുണ്ടാക്കുന്ന തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരിലും രോഗലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നു. ഗള്‍ഫ് യുദ്ധസമയത്ത് യുദ്ധമുഖത്തുണ്ടായിരുന്ന 45 ശതമാനത്തോളം സൈനികര്‍ക്കും സമാന രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അക്കാലത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രോഗത്തിന്റെ കാരണം വ്യക്തമാകാത്തതുകൊണ്ട് ചികിത്സ പൂര്‍ണമായും ഫലപ്രദമാണെന്ന് പറയാനാവില്ല. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പോലും തടസ്സമുണ്ടാക്കുന്ന ദീര്‍ഘകാല വേദനയെ ഒടുക്കുവാന്‍ ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയത് വിഷാദ രോഗത്തിനുപയോഗിക്കുന്ന മരുന്നുകളാണ്. ട്രൈ സൈക്ലിക് ആന്റി ഡിപ്രസന്റ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് ഏറ്റവും വ്യാപകമായി ഉപയോഗിച്ചുവരുന്നത്. രോഗിയുടെ വേദനയുടെ കാഠിന്യം കുറയ്ക്കുവാനും ശാരീരിക ക്ഷമത മെച്ചപ്പെടുത്താനും നിദാ വൈകല്യങ്ങള്‍ പരിഹരിക്കുവാനും ഇവയ്ക്കു കഴിയും. അതോടൊപ്പം വേദന സംഹാരികളും ഒരു പരിധിവരെ ഗുണം ചെയ്യും.
ക്രമമായി വ്യായാമ മുറകളിലേര്‍പ്പെടുന്നത് രോഗത്തിന്റെ തീവ്രതയെ ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. നടപ്പ്, ജോഗിങ്, സൈക്ലിങ്, നീന്തല്‍ ഇവയൊക്കെ ഗുണകരമായ വ്യായാമരീതികളാണ്. വ്യായാമം മിതമായ രീതിയില്‍ ആരംഭിച്ച് ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി.
പലപ്പോഴും വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങളില്‍പ്പെട്ട ഡോക്ടര്‍മാരുടെ സംയുക്ത സമീപനമായിരിക്കും രോഗിക്ക് കൂടുതല്‍ ഗുണകരമാകുന്നത്. മനഃശാസ്ത്രജ്ഞന്‍, മനോരോഗവിദഗ്ധന്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഫിസിഷ്യന്‍ തുടങ്ങിയവരുടെ ഒരുമിച്ചുള്ള പരിചരണം രോഗത്തെക്കാളേറെ, രോഗിയെ സമഗ്രമായി സമീപിക്കുവാന്‍ സാഹചര്യമുണ്ടാക്കുന്നു.
വേദനയുടെ മാറാപ്പ് ദീര്‍ഘനാളായി ചുമക്കുന്ന രോഗികള്‍ക്ക് ആശ്വസിക്കാവുന്ന ഒരു വസ്തുത രോഗം വേദനയുടെ മാറാദുരിതങ്ങളല്ലാതെ മറ്റു ഗുരുതരമായ സങ്കീര്‍ണതകളൊന്നും ഉണ്ടാക്കാറില്ലായെന്നതാണ്. ശാരീരിക പ്രവര്‍ത്തനങ്ങളെയോ ആന്തരാവയവങ്ങളുടെ ധര്‍മത്തെയോ ഫൈബ്രോമയാള്‍ജിയ ബാധിക്കുകയില്ലായെന്നത് തികച്ചും ആശ്വാസകരം തന്നെ.
ഡോ. ബി. പത്മകുമാര്‍,
അസോസിയേറ്റ് പ്രൊഫസര്‍,
മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍,
ആലപ്പുഴ.