വീടിന്റെ ഉമ്മറത്ത് വെച്ചാണ് ചന്ദ്രനെ കണ്ടത്. കസേരയില്‍ കൂനിക്കൂടി ഇരിക്കുകയായിരുന്നു ചന്ദ്രന്‍. കണ്ടാല്‍ 45 വയസ്സ് തോന്നും. വാടിയ മുഖം. ചുറ്റിലുമുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്തോ ആലോചിച്ച് ഇരിക്കുകയാണ്. കൈയിലൊരു പ്ലാസ്റ്റിക്ക് കവറുണ്ട്. അതില്‍ മുറുകെ പിടിച്ചിരിക്കുന്നു. അതില്‍ നിറയെ ചികിത്സാ രേഖകളാണ്.
പരിശോധനാമുറിയില്‍ വെച്ച് ചന്ദ്രന്‍ രോഗവിവരങ്ങള്‍ പറഞ്ഞു. വടകരയിലാണ് വീട്. ടൗണില്‍നിന്ന് കുറച്ച് ഉള്ളില്‍ പോകണം. നാടന്‍ പണിയാണ് ചന്ദ്രന്. ഇയാളുടെ രോഗത്തിന് കുറച്ചു വര്‍ഷത്തെ പഴക്കമുണ്ട്.
പുറത്ത് താഴെ ഭാഗത്ത് ഇടയ്ക്ക് വേദന വരുമായിരുന്നു. അന്നത് കാര്യമാക്കിയില്ല. ശ്രദ്ധിച്ചില്ല. ദേഹമനങ്ങി പണിയെടുക്കുന്നത് കൊണ്ടായിരിക്കുമെന്ന് വിചാരിച്ചു. ഒരു ദിവസം മൂത്രക്കടച്ചില്‍ വന്നു. നല്ല വേദനയായിരുന്നു. പുകച്ചിലും, മൂത്ര തടസ്സവുമുണ്ടായി. അപ്പോള്‍ ഡോക്ടറെ കാണിച്ചു. കുറച്ചു മരുന്നുകള്‍ തന്നു. മൂത്രത്തില്‍ അണുബാധ ആയിരിക്കുമെന്നാണ് പറഞ്ഞത്. മരുന്നു കഴിച്ചപ്പോള്‍ സുഖമായി. കുറച്ചു നാളുകള്‍ക്ക് ശേഷം അസുഖം വീണ്ടും വന്നു. വീണ്ടും പഴയപടി ചികിത്സ. വിശദ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷെ മരുന്ന് കഴിച്ചതല്ലാതെ പരിശോധനയ്ക്ക് പോയില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതി. കുറച്ചു കാലത്തിന് ശേഷം രോഗം ആവര്‍ത്തിച്ചപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സറേ എടുത്തു. മൂത്രപരിശോധന നടത്തി.
ചെറിയൊരു പ്രശ്‌നമുണ്ട്. ഓപ്പറേഷന്‍ വേണ്ടിവരുമെന്ന് പറഞ്ഞു. ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു. വീട്ടുകാരും കൂട്ടുകാരും കാര്യം അറിഞ്ഞു. ഓപ്പറേഷന്‍ ഇല്ലാതെ രോഗം മാറ്റാനുള്ള വഴികള്‍ തേടി. അങ്ങനെ ആയുര്‍വേദ ചികിത്സ ചെയ്തു. ചില പച്ചമരുന്നുകളും പരീക്ഷിച്ചു.
കുറേക്കാലം കഴിഞ്ഞപ്പോള്‍ പഴയതുപോലെ വീണ്ടും വേദന വന്നു. പലതരം ചികിത്സകള്‍ തുടര്‍ന്നു. ഇപ്പോള്‍ കുറച്ചു ദിവസമായി അതികഠിനമായ വേദന. മൂത്രം തടസ്സപ്പെടുന്നുമുണ്ട്. അങ്ങനെയാണ് വിദഗ്ധ ചികിത്സ തേടി എത്തിയത്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന കഴിഞ്ഞ ശേഷമാണ് ഒരു കിഡ്‌നിയ്ക്ക് ഗുരുതരമായ തകരാറുണ്ടെന്ന് കണ്ടെത്തിയത്. കിഡ്‌നി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ എടുത്തുമാറ്റുകയല്ലാതെ വേറെ വഴിയില്ല. ആദ്യം തന്നെ ഓപ്പറേഷന്‍ ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ.
ജന്മനാ ഉള്ള തകരാറാണ് ചന്ദ്രന്. കിഡ്‌നിയില്‍ നിന്ന് മൂത്രവാഹിനിയിലേക്കുള്ള വഴി ഇടുങ്ങിപ്പോയതാണ് പ്രശ്‌നം. പെല്‍വി- യൂറിറ്ററിക് ജംഗ്ഷന്‍ ഒബ്‌സ്ട്രക്ഷന്‍ (PUJ obstruction) എന്നാണ് ഈ അവസ്ഥയുടെ പേര്. ജന്മനാ ഉള്ള തകരാറാണെങ്കിലും വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാവും ഇതിന്റെ പ്രശ്‌നങ്ങള്‍ പുറത്തു വരിക. രോഗിക്ക് വേദനയുണ്ടാവും. മൂത്രം ശരിക്ക് ഒഴിഞ്ഞു പോവില്ല. മൂത്രത്തില്‍ അണുബാധയും വരാം.
ചന്ദ്രനാകട്ടെ കിഡ്‌നിയില്‍ കല്ലും വന്നു. സ്വതവേ ഇടുങ്ങിയ പെല്‍വി-യൂറിറ്ററിക് ജംഗ്ഷനിലും കല്ല് അടിഞ്ഞു കൂടിയതോടെ പ്രശ്‌നം രൂക്ഷമായി. ജന്മനായുള്ള തകരാറ് ചെറിയൊരു ശസ്ത്രക്രിയയിലൂടെ ശരിയാക്കാനാവുമായിരുന്നു. അത് ചെയ്യാത്തത് പാളിച്ചയായി. കല്ല് കൂടിവന്നതോടെ സ്ഥിതി വളരെ മോശമായി. കിഡ്‌നി 10 ശതമാനം പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ആ നിലയില്‍ അത് എടുത്തു കളയുകയല്ലാതെ മാര്‍ഗമൊന്നുമില്ല.